
ദോഹ: ജൂൺ 11ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിന്റെ സുരക്ഷാ ചുമതലകളിൽ പങ്കാളികളാകാനുള്ള ഖത്തറി സുരക്ഷാ സേനാംഗങ്ങളുടെ പ്രത്യേക സംഘം തങ്ങളുടെ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കി. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ സുരക്ഷാ പ്രവർത്തനങ്ങളിൽ ഈ ഖത്തരി സംഘം നിർണ്ണായക പങ്കുവഹിക്കും.
ആഗോള ടൂർണമെന്റിന് മുന്നോടിയായി സുരക്ഷാ ശേഷി വർദ്ധിപ്പിക്കുന്നതിനും പ്രവർത്തന സജ്ജത ഉറപ്പാക്കുന്നതിനുമായി നടപ്പിലാക്കിയ സമഗ്രമായ പ്രത്യേക പരിശീലന പരിപാടി വിജയകരമായാണ് സേന പൂർത്തിയാക്കിയത്.
ഖത്തർ സുരക്ഷാ സേനയുടെ പ്രത്യേക യോഗത്തിൽ കമാൻഡർ കേണൽ നവാഫ് മുഹമ്മദ് അൽ ഒതൈബി സേനാംഗങ്ങളെ അഭിസംബോധന ചെയ്തു. ദൗത്യത്തിലുടനീളം അച്ചടക്കം, കർത്തവ്യബോധം, ഉയർന്ന പ്രൊഫഷണലിസം എന്നിവ കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ഖത്തറിലെ സുരക്ഷാ സ്ഥാപനങ്ങളുടെ മികച്ച കഴിവും പരിചയസമ്പത്തും അന്തസ്സും പ്രതിഫലിപ്പിക്കുന്നതായിരിക്കണം സേനയുടെ ഓരോ നീക്കവുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
നേരത്തെ ഫിഫ ലോകകപ്പ് 2022 സ്വന്തം മണ്ണിൽ വൻ വിജയകരമായി സുരക്ഷിതമായി നടത്തി ലോകശ്രദ്ധ നേടിയ ഖത്തറിന്റെ സുരക്ഷാ വൈദഗ്ധ്യം ഇത്തവണ വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലും കാവലാകും.










